പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; വാണിജ്യ എല്‍പിജി ഏപ്രില്‍ 1 മുതല്‍ കുറഞ്ഞ നിരക്കില്‍
ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില കുറയ്ക്കുന്നതായി എണ്ണ വിപണന കമ്പനികള്‍ അറിയിച്ചു. ഏപ്രില്‍ 1 മുതലാണ് വില കുറവ് പ്രാബല്യത്തില്‍ വരുന്നത്. 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 41 രൂപ കുറച്ചു. പുതുക്കിയ നിരക്കുകള്‍ പ്രകാരം ഡല്‍ഹിയില്‍ വാണിജ്യ എല്‍പിജി സിലിണ്ടറിന് 1,762 രൂപയായിരിക്കും വില. നേരത്തെ, മാര്‍ച്ച് 1 ന് 6 രൂപ വര്‍ധനയുണ്ടായിരുന്നുവെങ്കിലും ഫെബ്രുവരിയില്‍ 7 രൂപയുടെ കുറവുമുണ്ടായിരുന്നു. അസംസ്‌കൃത എണ്ണയുടെ അന്താരാഷ്ട്ര വിലമാറ്റങ്ങളും മറ്റു സാമ്പത്തിക ഘടകങ്ങളും അടിസ്ഥാനമാക്കിയാണ് എണ്ണക്കമ്പനികള്‍ എല്‍പിജി വില മാറ്റുന്നത്. ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ ഇപ്പോഴേക്കും മാറ്റമില്ല.